
തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മനോനില കണ്ട് അമ്പരക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരും. മണിക്കൂറുകളുടെ ഇടവേളയിൽ നടത്തിയ കൊലപാതകങ്ങൾക്കിടെ പ്രതി അഫാന്റെ പെരുമാറ്റത്തിൽ യാതൊരു അസ്വാഭാവികതയുമുണ്ടായിരുന്നില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. കൊലപാതക പരമ്പക്കിടെ ഇയാൾ പലരുമായും ഇടപഴകിയിരുന്നു. എന്നാൽ, ആർക്കും യാതൊരു സംശയവും തോന്നാത്ത നിലയിലായിരുന്നു അഫാന്റെ പെരുമാറ്റം. കൂട്ടക്കൊലയുടെ ഇടവേളയിൽ ബാറിൽ പോയി മദ്യപിച്ചെന്നും അഫാൻ പൊലീസിന് മൊഴി നൽകി.
ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് അഫാൻ വെഞ്ഞാറമൂട്ടിലെ ബാറിൽ പോയി മദ്യപിച്ചത്. ഇവിടെ 10 മിനിറ്റ് ചെലവഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി. പിന്നീട് വീട്ടിലെത്തി കാമുകി ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു.
അതേ സമയം, ആശുപത്രിയിൽ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാൻ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രി മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൊഴി എടുക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല അഫൻ. ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സി ഐയുമാണ് രാത്രി ഏട്ടരയോടെ മെഡിക്കൽ കോളേജിൽ എത്തിയത്. ഇന്നു രാവിലെ വീണ്ടും മൊഴി എടുക്കാൻ ശ്രമിക്കും.










